കളിപ്പാട്ടം
ഓർമ്മകൾ മൊട്ടിട്ട കാലത്തെന്നച്ഛന
ന്നാദ്യമായ് തന്ന കളിപ്പാട്ടം
പലവട്ടം കണ്ടാലും മതിവരാത്തത്ര
കൗതുകം തോന്നും കളിപ്പാട്ടം
കൂട്ടുകാർക്കിടയിലെ കേമനായ് മാറുവാൻ
കൂട്ടായിരുന്നൊരെൻ കളിപ്പാട്ടം
കട്ടിലിൻ കീഴെയും കോവണിത്താഴെയും
കാണാമറയത്തതൊളിച്ചിരിക്കും
കാലത്തെണീറ്റ് ഞാൻ ഓടി നടന്നങ്ങ്
തേടിപ്പിടിക്കുവാനായിരിക്കും
കാലം കടന്നപ്പോൾ ഞാൻ കൂട്ടുവിട്ടപ്പോൾ
കോലായിൽ കൽച്ചുമർക്കോണിലെങ്ങോ
കൺവെട്ടമെത്താ കൂരിരുൾ കീഴിലായ്
കൂമനെപ്പോലതൊളിച്ചിരുന്നു
തേടുവാനായന്നു പോയില്ല ഞാൻ
താടിയിൽ രോമം കിളിർത്തതിനാൽ
ഇന്നിതാ ഞാനീ കറങ്ങും കസേരയിൽ
മോർച്ചറി പോലെ തണുത്ത റൂമിൽ
അക്കങ്ങളോടായ് അങ്കം കുറിക്കവേ
തേടുന്നുവെൻ പഴയ കളിപ്പാട്ടത്തെ
എന്നന്തരംഗത്തിലെവിടെയോ നഷ്ടമാ
യെന്നും ഞാനോർക്കുമെൻ കളിപ്പാട്ടത്തെ.