നാല്പത് വർഷങ്ങൾക്കപ്പുറത്തന്നവൻ
കണ്ണാരം പൊത്തിയന്നെണ്ണിത്തുടങ്ങി
എൻ പിഞ്ചുകാലുകൾ ആവേശത്തോടെ-
യന്നോടി,ഒളിക്കുവാനിടങ്ങൾ തേടി
ഓടിയൊളിച്ചന്നു നാഗത്താൻ കാവിലും
നാരായണിയുടെ നാരകച്ചോട്ടിലും
ഓടിക്കിതച്ചവിടൊളിച്ചു നിന്നു
കാലക്രമേണ എൻ കാൽകൾ ബലിഷ്ട്മായ്
ഒളിക്കുവാനായി ഞാൻ പുതുപുത്തനിടങ്ങളെ
തേടിപ്പിടിച്ചുകൊണ്ടേയിരുന്നു
പാഷാണചഷകങ്ങൾക്കുള്ളിലൊളിച്ചു കൊണ്ട-
ന്നു ഞാനവനായ് കാത്തിരുന്നു
പിന്നീട് വിഷധൂളി നൽകിയ മറവിൽ
എൻ കാത്തിരിപ്പു ഞാൻ തുടർന്നു പോന്നു
ആസ്പത്രിക്കട്ടിലിൽ പുതച്ചുറങ്ങീടുംബോൾ
കരുതി ഞാനവനെന്നെ കണ്ടുവെന്ന്
കണ്ടില്ല , കണ്ടുപിടിച്ചില്ലതുവരെ
കരുതി ഞാനന്നു കളി ജയിച്ചുവെന്ന്
മുപ്പതു വർഷത്തെ തേഞ്ഞ ചെരുപ്പുകൾ
ഊരിക്കളഞ്ഞന്ന് നടന്നു നീങ്ങി
പിന്നീടൊരിക്കലെന്നുണ്ണിയുമായി ഞാൻ
കണ്ണാരംപൊത്തിക്കളിച്ചീടുംബോൾ
ഒരു ചെറു മന്ദഹാസത്തൊടെ വന്നവൻ
ചെവിയിലായ് ചൊല്ലി “സാറ്റ്!!”